തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്ന തിനായി കളക്ടറേറ്റിൽ ജില്ലാതല ഓക്സിജൻ വാർ റൂം തുറന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്സിജൻ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്സിജൻ എത്തിക്കുന്നതിനും വിവിധയിടങ്ങളിൽനിന്ന് ഓക്സിജൻ സംഭരിക്കുന്നതിനുമുള്ള 24 മണിക്കൂർ സംവിധാനമായാണ് ഓക്‌സിജൻ വാർ റൂം തുറന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
വഴുതക്കാട് വിമൻസ് കോളജ് ഓഡിറ്റോറിയമാണു ജില്ലാതല ഓക്സിജൻ സംഭരണ കേന്ദ്രം. ജില്ലയ്ക്കു വരും ദിവസങ്ങളിൽ ആവശ്യമായ മുഴുവൻ ഓക്സിജനും ഇവിടെ സംഭരിച്ചു സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. എച്ച്.എൽ.എൽ, ട്രാവൻകൂർ ടൈറ്റാനിയം അടക്കം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ സംഭരിച്ചിട്ടുള്ളതും ഫയർഫോഴ്സ് അടക്കമുള്ളവയുടെ പക്കൽ ഉള്ളതുമായ ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ചു വിമൻസ് കോളേജിലെ സംഭരണ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. ബയോമെഡിക്കൽ എഞ്ചിനീയർമാരുടെ സഹായത്തോടെ ഇവയുടെ ഗുണനിലവാരം പരിശോധിച്ച ശേഷം ആവശ്യമുള്ളിടത്തേക്കു വിതരണം ചെയ്യുമെന്നു ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ പറഞ്ഞു. സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
കളക്ടറേറ്റിലെ ഓക്സിജൻ വാർ റൂമിലെ നിരീക്ഷണ സംഘം ജില്ലയിലെ ആശുപത്രകളിലെ ഓക്സിജൻ സ്ഥിതി നിരന്തരം വിലയിരുത്തുന്നുണ്ട്. ആശുപത്രികളിലെ ഓക്സിജൻ ബെഡുകൾ, വെന്റിലേറ്ററുകൾ, ഐ.സി.യു കിടക്കകൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, നിലവിൽ സ്റ്റോക്കുള്ള ഓക്സിജന്റെ അളവ്, അടുത്ത രണ്ടാഴ്ചത്തേക്കു ജില്ലയിൽ ആവശ്യമുണ്ടായേക്കാവുന്ന ഓക്സിജന്റെ അളവ് എന്നീ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ഇവിടെ ശേഖരിക്കും. ഓക്സിജൻ ആവശ്യമുണ്ടായാൽ 7592939426, 7592949448 എന്ന ഓക്സിജൻ വാർ റൂം നമ്പറുകളിൽ ബന്ധപ്പെടാം
ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, സബ് കളക്ടർമാരായ എം.എസ് മാധവിക്കുട്ടി, ചേതൻകുമാർ മീണ, എ.ഡി.എം ടി.ജി ഗോപകുമാർ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ് ഷിനു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി. രാജീവ് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് വാർ റൂമിനു നേതൃത്വം നൽകുന്നത്. ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സി.എഫ്.എൽ.റ്റി.സികൾ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി നോഡൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്.