ന്യൂഡല്‍ഹി • റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യ സെക്രട്ടറി എന്നിവരെ വിളിച്ചുവരുത്താന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി ആദ്യവാരം സമിതിക്കു മുന്‍പാകെ ഹാജരാകാനാണ് ആവശ്യപ്പെടുകയെന്നു പിഎസി അധ്യക്ഷന്‍ കെ.വി.തോമസ് പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതിലെ പിടിപ്പുകേടിന്റെ പേരില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ ഉടന്‍ വിളിച്ചുവരുത്തണമെന്നു പ്രതിപക്ഷത്തിന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ സര്‍ക്കാരിനെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന നടപടിക്കു ബിജെപിക്കു ഭൂരിപക്ഷമുള്ള പിഎസി തയാറാകുമോയെന്നു സംശയവുമുണ്ടായി. മുന്‍സര്‍ക്കാരിന്റെ കാലത്തു പിഎസിയില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ചേരിതിരിയുന്നതായിരുന്നു പതിവ്. കാര്യങ്ങള്‍ സാധാരണസ്ഥിതിയിലാകാന്‍ ഈമാസം വേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് അടുത്തമാസമാദ്യം ഇവരെ വിളിക്കുന്നതെന്നു കെ.വി.തോമസ് പറഞ്ഞു. സ്ഥിതിഗതികള്‍ അപ്പോഴേക്കു വ്യക്തമാകുമെന്നാണു പ്രതീക്ഷ.
ബാങ്കുകളില്‍ പെരുകുന്ന കിട്ടാക്കടത്തെക്കുറിച്ചു ചോദിക്കാന്‍ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെയും പ്രമുഖ ബാങ്ക് മേധാവികളെയും നേരത്തേ പിഎസി വിളിച്ചുവരുത്തിയിരുന്നു. സാധാരണക്കാരനോട് ആഭിമുഖ്യം പുലര്‍ത്തുന്ന വായ്പ, തിരിച്ചടവു നയങ്ങള്‍ക്കു രൂപം നല്‍കാനും സമിതി ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.