നോട്ട് ക്ഷാമം: പി.സി. ജോര്‍ജ് കൊച്ചിയില്‍ ട്രെയിന്‍ തടഞ്ഞു

255

കൊച്ചി: നോട്ടു നിരോധനത്തിന് പിന്നാലെ സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനപക്ഷ മുന്നണി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയാനെത്തിയത്. കറന്‍സി ആന്തോളന്‍ എന്ന് പേരിട്ടിരിക്കുന്ന സമരത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. കറന്‍സി നിരോധനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് 50 ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ്. എന്നാല്‍, 50 കഴിഞ്ഞ് 60 ദിവസമായിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ ഓരോ ദിവസവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പി.സി. ജോര്‍ജി കുറ്റപ്പെടുത്തി. 500 ന്റെയോ നൂറിന്റെയോ നോട്ടുകള്‍ കിട്ടാനായി കേരളത്തിലെ ആളുകള്‍ തപസ്സിരിക്കേണ്ട ഗതികേടാണെന്നും ഇത്തരം പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. നോട്ട് നിരോധനം നടപ്പാക്കുന്നത് കള്ളപ്പണം തടയാനാണെന്നും കള്ളനോട്ട് ഇല്ലാതാക്കാനാണെന്നുമാണ് മോദി പറഞ്ഞത്. എന്നാല്‍, ഈ ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാന്‍ സര്‍ക്കാരിനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിജിറ്റല്‍ ഇന്ത്യ എന്ന് പറയുന്നതല്ലാതെ പ്രവര്‍ത്തിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

NO COMMENTS

LEAVE A REPLY