കോഴിക്കോട് : കൊച്ചിയില്‍ പീഡനത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു. കേസ് 228/എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുന്നമംഗലം ജുഡീജ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോര്‍ജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നത്. 2017 ജൂലൈ 14നു സ്വകാര്യ ചാനലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ജോര്‍ജ് പീഡനത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. പൊതുപ്രവര്‍ത്തകനായ എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ചൂണ്ടക്കാട്ടി പോലീസിന് പരാതി നല്‍കിയിരുന്നത്. എന്നാല്‍, ഇത് മെഡിക്കല്‍ കോളജ് പോലീസ് നിരസിക്കുകയായിരുന്നു.