തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. ഇടുക്കിയില്‍നിന്ന് ജോസഫ് ജനവിധി തേടുമെന്നാണ് സൂചന. യുഡിഎഫ് പൊതുസ്വതന്ത്രനായി ജോസഫിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
കേരള കോണ്‍ഗ്രസിന്റെ ഏക സീറ്റായിരുന്ന കോട്ടയത്ത് മത്സരിക്കാന്‍ ജോസഫ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഈ ആവശ്യം അദ്ദേഹം പാര്‍ട്ടി യോഗത്തിലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വൈക്കം ഒഴികെയുള്ള ആറു നിയമസഭാ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരും സംസ്ഥാന ജില്ലാ ഭാരവാഹികളും ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എയുമായ തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചെയര്മാന് കെ.എം. മാണി പ്രഖ്യാപിച്ചത്.
ഇതോടെ ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളോടു വ്യക്തമാക്കിയ ജോസഫ് പാര്‍ട്ടിക്കുള്ളില്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമുണ്ടാക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു.