കണ്ണൂര്‍: സിപിഎമ്മിനെതിരേ ബിജെപി രാജ്യവ്യാപകമായി കള്ള പ്രചാരണങ്ങള്‍ നടത്തുന്നെന്നും ഇതിനെ പ്രതിരോധിക്കാന്‍ ഒക്ടോബര്‍ 9 ന് ബിജെപിക്കെതിരെ പ്രതിഷേധ ദിനം ആചരിക്കുമെന്നും പി ജയരാജന്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന് പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും പി.ജയരാജന് അറിയിച്ചു. എല്ലാവര്ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി സമാധാന ജീവിതത്തിനെതിരായി കൊലവിളി മുദ്രാവാക്യമുയര്‍ത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടു. സിപിഎമ്മിനെതിരേ നുണകള്‍ പ്രചരിപ്പിച്ചാണ് കണ്ണൂര്‍ ജില്ലയില്‍ അമിത്ഷാ പങ്കെടുത്ത ജാഥ നടത്തിയത്. കേരളത്തില്‍ ജിഹാദി ചുവപ്പ് ഭീകരതയാണെന്ന നിലയ്ക്ക് ഒരു കേരള വിരുദ്ധ പ്രചാരണമാണ് അവര്‍ നടത്തിയത്. അരനൂറ്റാണ്ടുകാലം അക്രമങ്ങള്‍ നടത്തി കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ മനസിന് ഇളക്കംതട്ടിക്കാന് അവര്‍ക്കായില്ല. ആ നിരാശയിലാണ് അഖിലേന്ത്യ തലത്തില്‍ സിപിഎമ്മിനെതിരേ പ്രചാരണം നടത്താന്‍ ബിജെപി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും അക്രമത്തില്‍ പരിക്കേറ്റവരും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സത്യഗ്രഹ സമരം നടത്തും.