കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ച ഭിന്നശേഷിക്കാരൻ മലപ്പുറം എടവണ്ണ സ്വദേശി നൗഷാദ് അറസ്റ്റില്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഫേസ്ബുക്ക് പേജ് അഡ്മിനായ ഇയാളെ കണ്ണൂര്‍ പോലീസ് മലപ്പുറത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തിനു പിന്നാലെ വിശദീകരണവുമായി പി. ജയരാജന് രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ അനുകൂല ടെലിവിഷന്‍ ചാനലിന്റെ ലോഗോ വച്ച പോസ്റ്ററുകള്‍ അടക്കം ഉപയോഗിച്ചു സംഘപരിവാര്‍ ഗ്രൂപ്പുകളും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളിലുമാണു പ്രചാരണം നടത്തുന്നതെന്നും ജയരാജന് ആരോപിച്ചു.
പ്രചാരണത്തിനെതിരേ ജയരാജന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.