തിരുവനന്തപുരം: താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാക്ക് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ലീഗ് പ്രവർത്തകൻഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ. താനൂരിൽ കഴിഞ്ഞ ഒക്ടോബർ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പേജിലൂടെയാണ് ജയരാജന്റെ വിശദീകരണം. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള തന്റെ എല്ലാ യാത്രകളും സുരക്ഷാ ഉദ്യോഗസ്ഥർ പോലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവർത്തകർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരിൽ ഞാൻ ഇല്ല. ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കിൽ അതിന്റെ ഉത്തരവാദിത്വം എന്നിൽ അടിച്ചേൽപ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല- ജയരാജൻ കുറിച്ചു.
നിയമസഭയിൽ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് താനെന്നും തന്റെ അസാന്നിധ്യത്തിൽ തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണെന്നും ജയരാജൻ വ്യക്തമാക്കി.