കണ്ണൂർ∙ ആക്രമിക്കുന്നവരെ തിരിച്ചടിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണയുമായി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും. പാർട്ടി കേന്ദ്രങ്ങളിലെത്തി അക്രമം നടത്തുന്നവർ സന്തോഷത്തോടെ തിരിച്ചുപോകുന്ന അനുഭവം ഉണ്ടാവരുതെന്നും ആക്രമണം നടത്താൻ പിന്നീടു തോന്നാത്ത രീതിയിലുള്ള പ്രതിരോധമുണ്ടാകണമെന്നും പി ജയരാജന്‍ പറഞ്ഞു. ആർഎസ്എസിനെതിരെ ജാഗ്രത പുലർത്തണമെന്നാണു കോടിയേരി ആവശ്യപ്പെട്ടതെന്നും പി ജയരാജന്‍ വിശദീകരിച്ചു.
അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പരസ്യ മായ ആഹ്വാനം. രണ്ടാഴ്ച മുൻപ് സിപിഎം – ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട പയ്യന്നൂരിൽ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ വിവാദ പ്രസംഗം.
വീടുകൾക്കും കടകൾക്കും നേരെ അക്രമം പാടില്ല. എന്നാൽ നമ്മളെ ആക്രമിക്കാൻ വരുന്നവരോടു കണക്കു തീർക്കണം. വന്നാൽ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങൾ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലിൽ പണി തന്നാൽ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഎമ്മിനോട് കളിക്കണ്ട’– ഇതായിരുന്നു പ്രസംഗം.
പ്രസംഗത്തില്‍ പൊലീസിനെയും കോടിയേരി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികൾക്കൊപ്പമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പ്രഖ്യാപനം.
കോടിയേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് – ബിജെപി നേതൃത്വങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് പി ജയരാജന്‍റെ വിവാദ പ്രസ്താവനയും.