കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒത്താശ ചെയ്യുന്നു : പി.കെ. കൃഷ്ണദാസ്

311

കൊച്ചി: കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒത്താശ ചെയ്യുന്നുവെന്നും സംസ്ഥാന പോലീസ് സംവിധാനം പരാജയപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സംരക്ഷണം ആവശ്യപ്പെടുമെന്നും ബി.ജെ.പി. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അയല്‍ക്കാരന്‍റെ ജീവനും സ്വത്തിനും പോലും സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ല. അദ്ദേഹം ഈ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ സി.പി.എം. വ്യാപക അക്രമം നടത്തുന്നു. എന്നാല്‍ ആര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല. സമാനതകളില്ലാത്ത ക്രൂരതയാണ് കണ്ണൂരില്‍ സി.പി.എം.നടത്തുന്നത്. ഇതിനെതിരേ ജനങ്ങളെ സംഘടിപ്പിച്ച്‌ പോരാട്ടം നടത്തും. രണ്ടാം വിമോചന സമരത്തിനുള്ള സാഹചര്യം കേരളത്തില്‍ വളരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരേയുള്ള വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി മനഃപൂര്‍വം സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയാണ്. നിലനില്‍പ്പാണ് സി.പി.എമ്മിന്‍റെ പ്രശ്നമെന്നും കൃഷ്ണദാസ് എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY