കാസര്‍ഗോഡ് : ദേശീയ തലത്തില്‍ ഫാസിസ്റ്റുകള്‍ക്കെതിരേ മതേതര കൂട്ടായ്മയ്ക്ക് സാധ്യത തെളിയുന്നുവെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തിലേറും. കേരളമടക്കം രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ യുപിഎ സഖ്യം വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ശിവസേന ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുമ്ബോള്‍ ആന്ധ്രയില്‍ വികസനത്തിന്റെ പേരില്‍ ടിഡിപി പിണക്കത്തിലാണ്. കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണം മതേതര കക്ഷികള്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിട്ടുള്ളത്.
കോണ്‍ഗ്രസിന്റെ നയത്തില്‍ എന്താണ് മാറ്റം വരുത്തേണ്ടതെന്ന് സി പി എം വ്യക്തമാക്കണം. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിനെതിരേ എല്‍ഡിഎഫ് ബാര്‍ കോഴക്കേസ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ ഇത് പറഞ്ഞിരിക്കുകയാണ്. കെ എം മാണിയെ യുഡിഎഫ് അവഗണിച്ചിട്ടില്ല. അദ്ദേഹം തന്നെ മുന്നണിയില്‍ നിന്ന് പുറത്തുപോയതാണ്. എപ്പോഴും മുന്നണിയിലേക്ക് തിരിച്ചു വരാം. എംപി വിരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ മുന്നണി വിട്ടത് യുഡിഎഫിന് ക്ഷീണമുണ്ടാക്കില്ല. പ്രബല വിഭാഗം ഇപ്പോഴും യുഡിഎഫിനൊപ്പമാണ്. ലീഗിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.