തിരുവനന്തപുരം: ഭിന്നലിംഗക്കാരായ ഉദ്യോഗാര്‍ത്ഥികളോട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അവഗണന. ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ അയക്കുന്നതിനോ അവരെ പരിഗണിക്കുന്നതിനോ നിലവിലെ ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഭിന്നലിംഗക്കാര്‍ക്ക് തുല്യനീതിയും തുല്യപരിഗണനയും നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധം.
എറണാകുളം ഇടപ്പള്ളി സ്വദേശി അനു ബോസ് ഭിന്നലിംഗത്തില്‍പെട്ടയാളാണ്. തിരിച്ചറിയില്‍ കാര്‍ഡുമുണ്ട്. 10 വര്‍ഷം മുമ്പ് കണക്കില്‍ ബിരുദാനന്തര ബിരുദം നേടിയ അനു അപേക്ഷിക്കാത്ത തസ്തികളില്ല. പക്ഷെ ഇതുവരെ ഒരു പരീക്ഷക്കും പിഎസ്‌സി അനുവിനെ വിളിച്ചില്ല. എന്താണ് കാരണമെന്ന് അറിയാന്‍ പിഎസ്‌സിയെ സമീപിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്. ഭിന്നലിംഗത്തില്‍പെട്ടവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിപ്പിക്കാന്‍ വകുപ്പില്ല, ചട്ടമില്ല. അതുകൊണ്ട് അപേക്ഷിക്കേണ്ടതില്ലെന്നാണ് പിഎസ്‌സി സെക്രട്ടറിയുടെ രേഖാമൂലമുളള അറിയിപ്പ്.
ഇപ്പോള്‍ ഒരു സ്വാശ്രയ എഞ്ചീനീയറിംഗ് കോളേജില്‍ താത്കാലികമായി പഠിപ്പിക്കുകയാണ് അനു. ഭിന്നലിംഗത്തില്‍പെട്ടയാളെന്ന് വെളിപ്പെടുത്തിയാല്‍ ഇവിടെയും ഉള്ള ജോലി പോകും. അനുവിനെ പോലെ അഭ്യസ്തവിദ്യരായ ഒട്ടേറെ ഭിന്നലിഗക്കാരുണ്ട് കേരളത്തില്‍. ഇവരെല്ലാം ജീവിക്കാന്‍ ഗതിയില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് സര്‍ക്കാര് മുഖം തിരിഞ്ഞുനില്‍ക്കുന്നത്. ഒരു വര്‍ഷം മുമ്പ് ട്രാന്‍സ്ജന്‍ഡര്‍ നയം പാസാക്കിയ സംസ്ഥാനം എന്തുകൊണ്ട് സര്‍ക്കാര്‍ ജോലിക്കായി ഭിന്നലിംഗക്കാരെ പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ ചോദ്യം.