ഹൈക്കോടതിയിലെ മാധ്യമ വിലക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം

203

തിരുവനന്തപുരം • ഹൈക്കോടതിയിലെ മാധ്യമ വിലക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. സമൂഹത്തിന്റെ അറിയാനുള്ള അവകാശം ഉറപ്പാക്കണം. ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും കോടതികള്‍ക്കും വലിയ പങ്കാണ് വഹിക്കാനുള്ളത്. പരസ്പര ബഹുമാനത്തോടുകൂടി സാഹോദര്യത്തോടെ ഇരുകൂട്ടരും പ്രവര്‍ത്തിക്കണം. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം അനിവാര്യമാണ്. ഇരുവിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കം സമൂഹതാല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താക്കുറിപ്പിലൂടെയാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ പ്രതികരണം.
അതേസമയം, തര്‍ക്കം പരിഹരിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫും അറിയിച്ചു.ചീഫ് ജസ്റ്റിസിനോട് വിഷയം ചര്‍ച്ച ചെയ്തു. ഇപ്പോഴുള്ളത് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രം. ഹൈക്കോടതിയിലുണ്ടായത് ധാരണാപ്പിശകാണെന്നും ജസ്റ്റിസ് അബ്ദുല്‍ റഹീമും പറഞ്ഞു.ചീഫ് ജസ്റ്റിസിന്റെ യോഗത്തിലുണ്ടായ ധാരണയനുസരിച്ച്‌ വെള്ളിയാഴ്ച ഹൈക്കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അഭിഭാഷകരുടെ ഭാഗത്തു നിന്നു വീണ്ടും ഭീഷണിയുണ്ടായത്. വാര്‍ത്ത ശേഖരണത്തിനായി ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഇരുന്ന എട്ടു മാധ്യമപ്രവര്‍ത്തകരോട് പുറത്തു പോകണമെന്ന് ഒരു വിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനാകാതെ മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സംരക്ഷണയില്‍ മടങ്ങുകയായിരുന്നു.ഹൈക്കോടതി അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ പൊതുവഴിയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനെച്ചൊല്ലിയാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ ജൂലൈ 19നു പ്രശ്നങ്ങളുണ്ടായതും പ്രതിസന്ധി ഉടലെടുത്തതും. കോടതിയില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഇല്ലെന്നു രണ്ടു പത്രക്കുറിപ്പിലൂടെ ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ അറിയിപ്പു നല്‍കിയിട്ടും കോടതികളില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇനിയും സാധ്യമായിട്ടില്ല. ജൂലൈ 30നും സെപ്റ്റംബര്‍ 23നും ആയിരുന്നു റജിസ്ട്രാര്‍ ജനറലിന്റെ പത്രക്കുറിപ്പ്.

NO COMMENTS

LEAVE A REPLY