തിരുവനന്തപുരം • കണ്ണൂരില്‍ രാഷ്ട്രീയം നോക്കാതെ, യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ഊര്‍ജിത ശ്രമം നടക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറയും ഗവര്‍ണര്‍ പി.സദാശിവത്തെ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വിലപ്പെട്ട ജീവന്‍ നഷ്ടമാകുന്നതിലും കുടുംബങ്ങള്‍ തകരുന്നതിലുമുള്ള ആശങ്ക ഗവര്‍ണര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ് ഭവനിലെത്തി ക്രമസമാധാനനിലയെക്കുറിച്ചു ഗവര്‍ണറെ ധരിപ്പിച്ചത്.
കണ്ണൂരില്‍ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയില്‍ നടപടിയെടുത്തുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ മാസം 26 ന് ഗവര്‍ണറെ അറിയിച്ചിരുന്നു.രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും രമ്യവും അക്രമരഹിതവുമായി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രാദേശിക ഘടകങ്ങളെയും പ്രവര്‍ത്തകരെയും പ്രമുഖ രാഷ്ട്രീയകക്ഷിനേതാക്കള്‍ ബോധ്യപ്പെടുത്തണമെന്നു ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ അണികളെ അടക്കിനിര്‍ത്തണം. സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്നോട്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.