സര്‍ക്കാരിന്‍റെ കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണര്‍ക്കു ക്ഷണമില്ല

155

തിരുവനന്തപുരം• ഐക്യകേരളത്തിന്‍റെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന ഔദ്യോഗികചടങ്ങില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന നിയമസഭയും സര്‍ക്കാരും ഒരുമിച്ചാണു വജ്രകേരളമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ അധ്യക്ഷന്‍ സ്പീക്കറാണ്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ 60 പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ചടങ്ങില്‍ സ്വാഭാവികമായും ഗവര്‍ണര്‍ മുഖ്യ അതിഥിയായെത്തേണ്ടതാണ്. അതേസമയം, സംഭവത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായാണു സൂചന. ഗവര്‍ണര്‍ നാളെ രാവിലെ ചെന്നൈയ്ക്കു പോകും. ഗവര്‍ണറെ ചടങ്ങിലേക്കു ക്ഷണിക്കാത്തതു മനപൂര്‍വമാണോ വീഴ്ചപറ്റിയതാണോ എന്ന കാര്യം വ്യക്തമല്ല.
എന്നാല്‍ പരസ്പരം പഴിചാരുന്ന നിലപാടാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും പുലര്‍ത്തുന്നത്. ഗവര്‍ണറെ ക്ഷണിക്കാത്തതിന്‍റെ ഉത്തരവാദിത്തമേല്‍ക്കാന്‍ സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയറ്റും തയാറാകുന്നില്ല. നിയമസഭാ സെക്രട്ടേറിയറ്റാണ് പരിപാടി തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം, കേരളപ്പിറവി ആഘോഷച്ചടങ്ങില്‍നിന്ന് ഒഴിവാക്കി അപമാനിച്ചതായി പത്മഭൂഷണ്‍ ജേതാവും അറിയിച്ചു. കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായരെയാണ് ക്ഷണിച്ചശേഷം ഒഴിവാക്കിയത്. നാളെ നിയമസഭാ അങ്കണത്തിലാണ് സര്‍ക്കാരിന്‍റെ കേരളപ്പിറവി ദിന പരിപാടി നടക്കുന്നത്.

NO COMMENTS

LEAVE A REPLY