മുഖ്യമന്ത്രിയെയും ഡി ജി പിയെയും ഗവര്‍ണ്ണര്‍ വിളിച്ചു വരുത്തി

160

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ജസ്‌റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനേയും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയേയും വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും പൊലീസും അക്രമങ്ങൾ നടക്കുന്നത് കാണുന്നില്ലേഎന്ന് അദ്ദേഹം ചോദിച്ചു.കേരളത്തിൽ ക്രമസമാധാന പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ ഭരണത്തലവൻ കൂടിയായ ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത്. അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാനും ഗവർണർ നിർദ്ദേശിച്ചു. ശ്രീകാര്യത്ത് ആ‌ർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രധാന പ്രതികളെയും പൊലീസ് അറസ്‌റ്റു ചെയ്തതായി മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.കൂടാതെ അക്രമങ്ങൾ വ്യാപിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.ശ്രീകാര്യത്ത് ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങളെ ചൊല്ലിയുള്ള സംഘർഷമാണ്. അതിനാൽ തന്നെ ഇത് രാഷ്ട്രീയ കൊലപാതകമായി കാണേണ്ടതില്ല. സംസ്ഥാനത്തുണ്ടായ മറ്റ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഇന്ന് രാവിലെയാണ് പി സദാശിവത്തിന്റെ അസാധാരണ നടപടി. ഇതിനു ശേഷം ഗവർണ്ണർ തന്നെ ഈ വിവരം ട്വീറ്റ് ചെയ്തു. ഇതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ അക്രമസംഭവങ്ങളിൽ പ്രതികളെ പിടികൂടിയതിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.കേരളത്തിലെ ക്രമസമാധാന നില തകർന്നതിൽ രാജ്നാഥ് ഉത്കണ്ഠ പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. ഇക്കാര്യം തന്നോട് രാജ്നാഥ് പറഞ്ഞെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS