കേരള നിയമസഭ ഡിജിറ്റൽ സംവിധാനത്തിലേക്ക് – പി. ശ്രീരാമകൃഷ്ണൻ

169

രാജ്യത്തെ ആദ്യ സമ്പൂർണ കടലാസ് രഹിത നിയമസഭയാകാനൊരുങ്ങുകയാണ് കേരള നിയമസഭ. 14 മാസത്തിനുള്ളിൽ ഇതിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് സീപ്ക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷം വിവിധ രേഖകളും മറ്റും അച്ചടിക്കുന്നതിന് 35 മുതൽ 40 കോടി രൂപ വരെ ചെലവാകുന്നുണ്ട്. ഡിജിറ്റൽ നിയമസഭയായി മാറുന്നതോടെ വിവിധ രേഖകൾ വിരൽത്തുമ്പിൽ ലഭ്യമാകും. നിയമസഭയ്ക്കുള്ളിൽ സാമാജികർക്കായി ഡിജിറ്റൽ സംവിധാനങ്ങളും ഏർപ്പെടുത്തും.

സഭയിൽ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങൾ നിശ്ചിത സമയത്തിന് മുമ്പ് സാമാജികരുടെ മുന്നിലുള്ള ലാപ്ടോപ്പിൽ ലഭ്യമാക്കും. ഊരാളുങ്കൽ സൊസൈറ്റിയുടെ സൈബർ പാർക്കാണ് ഈ സംവിധാനം നിയമസഭയിൽ ഏർപ്പെടുത്തുന്നത്. ഇതിനു ശേഷം ബഡ്ജറ്റ് അവതരണവും ഡിജിറ്റലാകും. ഒരു വർഷം പ്രിന്റിംഗിന് ചെലവാകുന്ന തുക ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താനാകുമെന്ന് സ്പീക്കർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 21, 22 തിയതികളിൽ നിയമസഭാ സാമാജികർക്കായി പ്രത്യേക പരിശീലന പരിപാടി നടത്തും. ഒന്നരവർഷത്തെ വിശദമായ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും സ്പീക്കർ പറഞ്ഞു.

NO COMMENTS