തിരുവനന്തപുരം • പി.ടി.ഉഷയെ വിമര്‍ശിച്ച് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍. ടിന്റു ലൂക്കയെ ഉഷ തള്ളിപ്പറയരുതായിരുന്നു. കുറവുകള്‍ ഉണ്ടായിരുന്നെങ്കില്‍ അതു നേരത്തെ പറയണമായിരുന്നു. അല്ലെങ്കില്‍ മറ്റേതെങ്കിലും പരിശീലകന്റെ കീഴില്‍ പരിശീലനത്തിനു വിടണമായിരുന്നു. പരിശീലന രീതിയും ശൈലിയും മാറ്റണമെന്നു നേരത്തെ പലരും പറഞ്ഞിട്ടും അവയൊന്നും കേട്ടില്ല. ഇപ്പോള്‍ ടിന്റുവിനെതിരെ പറയുന്നത് നല്ലതെന്നും ടി.പി.ദാസന്‍ പറഞ്ഞു.റിയോ ഒളിംപിക്സില്‍ ടിന്റു ലൂക്കയുടെ പ്രകടനത്തില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നു ഉഷ പറഞ്ഞിരുന്നു. തനിക്ക് ചെയ്യാന്‍ കഴിയുന്നതൊക്ക പരിശീലക എന്ന നിലയില്‍ ചെയ്തുകൊടുത്തിട്ടുണ്ട്.ടിന്റുവിന്റെ പരമാവധി കഴിവ് പുറത്തുവന്നെന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്നും ഉഷ പറഞ്ഞു. റിയോയിലെ ടിന്റുവിന്റെ മോശം പ്രകടനത്തിനുപിന്നാലെ ഉഷയ്ക്കും ഉഷ സ്കൂളിനുമെതിരെ ടിന്റുവിന്റെ ബന്ധുക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയായിട്ടാണ് ഉഷ ഇങ്ങനെ പറഞ്ഞത്. റിയോ ഒളിംപിക്സില്‍ വനിതകളുടെ 800 മീറ്ററില്‍ ടിന്റു പ്രാഥമിക റൗണ്ടില്‍തന്നെ പുറത്തായിരുന്നു. ഹീറ്റ്സില്‍ ആറാമതായാണ് ടിന്റു ഫിനിഷ് ചെയ്തത്.