കൊച്ചി• സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില ഈ സര്ക്കാരിന്റെ കാലത്തു വര്‍ധിപ്പിക്കില്ലെന്നു മന്ത്രി പി. തിലോത്തമന്‍. ഇതര സംസ്ഥാനങ്ങളിലെ ഉല്‍പാദകര്‍ നേരിട്ടു ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനും അതുവഴി ഇടനിലക്കാരെ ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമുണ്ടാക്കും. എഫ്സിഐ ഗോഡൗണില്‍നിന്ന് റേഷന്‍കടയിലേക്ക് നേരിട്ട് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിലൂടെ, റേഷന്‍ വിതരണത്തില്‍ ഇതുവരെയുണ്ടായിരുന്ന ക്രമക്കേടിനോട് ഭക്ഷ്യവകുപ്പ് സലാം പറയുകയാണെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷാ നിയമം ആറു മാസത്തിനകം കേരളത്തില്‍ നടപ്പാക്കും. ഇതിനായി കേന്ദ്രസര്‍ക്കാരിനോടു സമയം ചോദിച്ചിട്ടുണ്ട്.ഹോട്ടല്‍ മേഖലയില്‍ മാനദണ്ഡങ്ങളില്ലാതെ വിലയീടാക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനു പരിഹാരമുണ്ടാക്കും. ശബരിമല സീസണില്‍ ഭക്ഷണസാധനങ്ങള്‍ ന്യായവിലയ്ക്കു വിതരണം ചെയ്യാന്‍ പത്തനംതിട്ട ജില്ലയിലെ ഹോട്ടലുടമകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.പൊതുവിപണിയില്‍ വിലക്കയറ്റമില്ലാത്ത ഒരോണക്കാലം മലയാളികള്‍ക്കു നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞതു ഭക്ഷ്യവകുപ്പിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ്. ഓണക്കാലത്ത് സപ്ലൈകോ വില്‍പനശാലകള്‍ വഴിയുണ്ടായത് റെക്കോര്‍ഡ് വിറ്റുവരവാണ്. ഇത്തവണ ഓണത്തിനു മുന്‍പുള്ള 13 ദിവസങ്ങളിലായി മൊത്തം 176.86 കോടി രൂപയുടെ വിറ്റുവരവുണ്ടായി. കഴിഞ്ഞവര്‍ഷം ഇത് 135.14 കോടി രൂപയായിരുന്നു. സബ്സിഡി സാധനങ്ങളുടെ മാത്രം വിറ്റുവരവ് ഇത്തവണ 64.68 കോടിയാണ്.
ഓണത്തിനു മുന്‍പ് അര്‍ഹരായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കേണ്ട അഞ്ചു കിലോ അരി ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടായത് എഫ്സിഐ ഗോഡൗണില്‍ അരി സ്റ്റോക്ക് ഇല്ലാതിരുന്നതു മൂലമാണ്. 12,000 ടണ്‍ അരി വേണ്ട സ്ഥാനത്ത് 5000 ടണ്‍ മാത്രമാണുണ്ടായിരുന്നത്. കുറവ് നികത്താന്‍ പൊതുവിപണിയില്‍നിന്ന് അരി വാങ്ങേണ്ടിവന്നു. അരിവിതരണം അന്തിമഘട്ടത്തിലാണ്. 16.06 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.