കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എ നിര്‍മിച്ച അനധികൃത റോപ്പ് വേ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കി. ഊര്‍ങ്ങാട്ടേരി പഞ്ചായത്താണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലാണ് എംഎല്‍എ അനധികൃതമായി റോപ്പ് വേ നിര്‍മിച്ചിരിക്കുന്നത്. പത്തു ദിവസത്തിനുള്ളില്‍ റോപ്പ് വേ പൊളിച്ചു നീക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരിലുള്ള സ്ഥലമാണിത്. ഇവിടെ റസ്റ്റോറന്റ് നിര്‍മാണത്തിനാണ് പഞ്ചായത്തില്‍ നിന്നും അനുമതി ലഭിച്ചിരുന്നത്. ഇവിടെ ചെക്ക് ഡാം നിര്‍മിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തിയാണ് ചെക്ക് ഡാം നിര്‍മിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരിന്നു. ഇതേ തുടര്‍ന്ന് ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.