ദുബായ്: ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം കരോലിന മാരിനെ തകര്‍ത്ത് ഇന്ത്യയുടെ പി.വി. സിന്ധു സെമിയില്‍. ഒളിമ്പിക്സില്‍ വെള്ളി നേടിയ സിന്ധുവിനെ ഫൈനലില്‍ തോല്‍പിച്ചത് മാരിനായിരുന്നു. സ്പാനിഷ് താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു ഒളിമ്പിക്സിലെ തോല്‍വിക്ക് പകരംവീട്ടിയത്. 21-17ന് ആദ്യ സെറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം രണ്ടാം സെറ്റില്‍ മാരിനെ തീര്‍ത്തും നിഷ്പ്രഭയാക്കി. 21-13 എന്ന സ്കോറിനായിരുന്നു രണ്ടാം സെറ്റും മത്സരവും സിന്ധു തന്‍റെ പേരിലാക്കിയത്.