സാർവദേശീയ മാതൃഭാഷാദിനമായ ഫെബ്രുവരി 21നു കേരളസംസ്ഥാന സാക്ഷരാതാമിഷന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാഘോഷവും പരിഷ്കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നു.
സാക്ഷരതാമിഷന്റെ സംസ്ഥാന ഓഫീസ് കോൺഫറൻസ് ഹാളിൽ ബുധനാഴ്ച പകൽ 12.30 ന് നടക്കുന്ന സാർവദേശീയ മാതൃഭാഷാദിനാഘോഷ പരിപാടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പരിഷ്കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും നിർവഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകുന്ന പരിപാടിയിൽ അഡ്വ.വി കെ പ്രശാന്ത് എംഎൽഎ, കൗൺസിലർ ശ്രീമതി സി എസ് സുജാദേവി എന്നിവർ സന്നിഹിതരാകും. പരിഷ്കരിച്ച പച്ചമലയാളം അടിസ്ഥാനകോഴ്സിന്റെ പാഠപുസ്തകപ്രകാശനവും പരിപാടിയുടെ ഭാഗമായി നടക്കും.
കേരള സംസ്ഥാന സാക്ഷരതാമിഷൻ നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ (പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ്) ഒരു വർഷം ദൈർഘ്യമുള്ള കോഴ്സായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ പരിഷ്കരിച്ചു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാ കോഴ്സാണ്. സർക്കാർ ജീവനക്കാർക്ക് പത്താം ക്ലാസ് മലയാളപഠനം നിർബന്ധമാണ് എന്ന വസ്തുത കണക്കിലെടുത്താണ് ഈ കോഴ്സിന്റെ പരിഷ്കരണം. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം കോഴ്സിന്റെ ക്ലാസുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പതിനേഴ് വയസ് പൂർത്തിയാക്കിയവർക്കു വേണ്ടി തയ്യാറാക്കിയ അടിസ്ഥാനകോഴ്സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം.
മലയാളഭാഷ അനായാസം പ്രയോഗിക്കാൻ അവസരമൊരുക്കുക, മലയാളം പഠിക്കാത്ത വിദ്യാർഥികൾക്ക് മലയാളം പഠിക്കാനും പ്രയോഗിക്കാനുമുള്ള ക്ഷമതയുണ്ടാക്കുക. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക കൃത്യനിർവഹണത്തിന് മലയാളം അറിയാത്ത ജീവനക്കാരെ അതിന് പ്രാപ്തരാക്കുക. ഇതരസംസ്ഥാനങ്ങളിൽനിന്നോ, മറ്റ് രാജ്യങ്ങളിൽനിന്നോ വന്ന് കേരളത്തിൽ താമസിക്കുന്നവർക്ക് മലയാളം പഠിക്കാനുള്ള അവസരം നൽകുക എന്നിവയാണ് കോഴ്സിന്റെ ലക്ഷ്യം.
മലയാളഭാഷ, സാഹിത്യം, കല എന്നിവയിൽ അഭിരുചി വളർത്തുക, സൃഷ്ടികൾ ആസ്വദിക്കാനുള്ള വഴിയൊരുക്കുക, ഭാഷാന്യൂനപക്ഷങ്ങൾക്ക് മലയാളപഠനം സാധ്യമാക്കുക. ഭാഷാസാങ്കേതികവിദ്യയിൽ നൈപുണിയുണ്ടാക്കുക. സമ്പർക്കപഠനം, വായനാശീലം തുടങ്ങിയവയിലൂടെ മലയാളഭാഷയുടെ വ്യാപനവും വളർച്ചയും സാധ്യമാക്കുക, ഭരണനിർവഹണത്തിന്റെ ജനാധിപത്യവൽകരണം നടപ്പാക്കുക, മാതൃഭാഷാപഠനത്തിലൂടെ മാനവവിഭവശേഷി വർധിപ്പിച്ച് നാടിന്റെ വികസനം സാധ്യമാക്കുക, മലയാളഭാഷാപഠനത്തിലൂടെ വൈജ്ഞാനികസമ്പത്ത് വളർത്തുക തുടങ്ങിയവയാണ് പച്ചമലയാളം കോഴ്സിന്റെ മറ്റുലക്ഷ്യങ്ങൾ. പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ പാഠപുസ്തകത്തിൽ മലയാളഭാഷ സാഹിത്യം, സംസ്കാരം, കല, കായികരംഗം, മാധ്യമ രംഗം, കേരളത്തിന്റെ ചരിത്രം, പരിസ്ഥിതി, ഭൂപ്രകൃതി. മലയാളിയുടെ ദൈനംദിന ജീവിതവ്യവഹാരങ്ങൾ എന്നിവ ഉൾച്ചേർത്തിരിക്കുന്നു.