ലാഹോര്‍: പാക് പഞ്ചാബ് കാബിനറ്റ് മന്ത്രിയും പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫ്(പിടിഐ) മുതിര്‍ന്ന നേതാവുമായ അബ്ദുള്‍ അലീം ഖാന് അറസ്റ്റില്‍. വരവില്‍ കവിഞ്ഞ സ്വത്തു സമ്ബാദിച്ചെന്ന കേസില്‍ ലാഹോര്‍ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) ആണ് അറസ്റ്റ് ചെയ്തത്.
അലീം ഖാന് 918 മില്യണ്‍ രൂപ മൂല്യം വരുന്ന വസ്തുവകകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി പാക് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതില്‍ 159 മില്യണ്‍ രൂപയുടെ സ്വത്തുക്കള്‍ ഖാന്റെ സ്വന്തം പേരിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖാനെ വ്യാഴാഴ്ച എന്‍എബി കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായതിന് പിന്നാലെ ഖാന് മന്ത്രിസ്ഥാനം രാജിവച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഐടി മന്ത്രി ഫയാസുല്‍ ഹസന് ചോഹന് ഇക്കാര്യം തള്ളി.