ഇസ്ലമാബാദ്: ഹിന്ദു മാരേജ് ബില്ലിന് പാകിസ്ഥാൻ സെനറ്റിന്‍റെ അംഗീകാരം. ഹിന്ദു മാരേജ് ആക്ട് യാഥാർഥ്യമാകുന്നതോട് കൂടി ഹിന്ദു സ്ത്രീകൾക്ക് വിവാഹത്തിന്റെറ ഔദ്യോഗിക രേഖ ലഭിക്കും. 2015 സെപ്തംബർ 26ന് ബില്ലിന് പാകിസ്ഥാൻ നാഷണൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇനി പ്രസിഡൻറ് കൂടി അംഗീകാരം നൽകുന്നതോട് കൂടി ബില്ല് നിയമമാകും.
പാകിസ്ഥാൻ നിയമ മന്ത്രി സഹിദ് ഹമീദാണ് ബില്ല് സെനറ്റിൽ അവതരിപ്പിച്ചത്. സെനറ്റിൽ ബില്ലിനെതിരെ വലിയ എതിർപ്പുകളൊന്നും ഉയർന്നില്ല. സെനറ്റർ മുഫ്തി അബ്ദുൾ സത്താർ ബില്ലിനെതിരെ രംഗത്തെത്തി. നിലവിലുള്ള ഭരണഘടന ഹിന്ദുക്കളുടെ അവകാശങ്ങൾ പൂർത്തീകരിക്കുന്നതിന് പര്യാപ്തമാണെന്ന് മുഫ്തി പറഞ്ഞു. എന്നാൽ ഹിന്ദു മാരേജ് ആക്ടിനായി പ്രവർത്തിച്ച രമേഷ് കുമാർ അടക്കമുള്ളവർ ബില്ലിനെ അനുകൂലിച്ചു. വിവാഹത്തിന്റെ രജിസ്ട്രേഷൻ, വിവാഹ മോചനം, പുനർ വിവാഹം എന്നീ കാര്യങ്ങളിൽ കൃതമായ നിർവചനങ്ങൾ നൽകുന്നതാണ് നിയമം. വിവാഹത്തിനുള്ള പ്രായം സത്രീകൾക്കും പുരഷൻമാർക്കും 18 വയസാണെന്നും നിയമത്തിൽ പറയുന്നുണ്ട്. പാകിസ്ഥാനിലെ പഞ്ചാബ്, ബലൂചിസ്താൻ, ഖൈബർ പ്രവിശ്യകളിലെ ഹിന്ദുകൾക്ക് നിയമത്തിന്റെറ ഗുണം ലഭിക്കും. സിന്ധ് പ്രവിശ്യ മുമ്പ് തന്നെ ഹിന്ദുക്കൾക്കായുള്ള വിവാഹ നിയമം ഉണ്ടാക്കിയിരുന്നു.