ന്യൂഡല്‍ഹി • കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായിരുന്ന 15 ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ ആക്രമണം ഭയന്ന് പാക്കിസ്ഥാന്‍ ദൂരേക്കു മാറ്റിയെന്ന് റിപ്പോര്‍ട്ട്. 18 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ഉറി ഭീകരാക്രമണത്തിനു പകരംവീട്ടാന്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ഈ നീക്കം. പാക്ക് അധീന കശ്മീരിലെ ഭീകര പരിശീലന ക്യാംപുകള്‍ ഇന്ത്യ ആക്രമിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ തയാറായി അതിര്‍ത്തിയിലുണ്ടായിരുന്ന ഇരുനൂറോളം ഭീകരരെ പാക്ക് സൈന്യം താല്‍ക്കാലികമായി അവിടെനിന്നു മാറ്റിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുകയാണ്.അവധിക്ക് അപേക്ഷിച്ചിരുന്ന അതിര്‍ത്തി സംരക്ഷണ സേനാംഗങ്ങളോട് ഡ്യൂട്ടിക്കു കയറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഭീകരരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനു ശക്തമായ മറുപടി നല്‍കണമെന്നാണ് പൊതുഅഭിപ്രായം. അതിര്‍ത്തിയിലെ നീക്കങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യ ബിഎസ്‌എഫിന്റെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.