ഇസ്ലാമാബാദ് • ആഗോള ഭീകരതയുടെ ഉറവിടം പാക്കിസ്ഥാനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിനു പ്രത്യാരോപണങ്ങളിലൂടെ മറുപടിയുമായി പാക്ക് സര്‍ക്കാര്‍. രാജ്യത്തെ വിവിധ മേഖലകളില്‍ ഭീകരത വളര്‍ത്തുന്നത് ഇന്ത്യയാണെന്നു പാക്ക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. അതേസമയം, കശ്മീരിലെ സംഘര്‍ഷം അവസാനിക്കാതെ ഇന്ത്യയ്ക്ക് ഒരിക്കലും സമാധാനം ലഭിക്കില്ലെന്നു പാക്ക് വാര്‍ത്താവിതരണ മന്ത്രി പര്‍വേസ് റാഷിദ് പറഞ്ഞു. പാക്കിസ്ഥാനെ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുത്തുമെന്ന മോദിയുടെ മുന്നറിയിപ്പിനോടായിരുന്നു റാഷിദിന്റെ പ്രതികരണം.ഉറിയില്‍ സൈനികകേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തെ ന്യായീകരിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫ് രംഗത്തു വന്നതിനു പിന്നാലെയാണ് പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയും.കശ്മീരിലെ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ഉറിയിലേതെന്നും തെളിവുകളൊന്നുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെ പഴിക്കുന്നതെന്നും നവാസ് ഷെരീഫ് ആരോപിച്ചിരുന്നു.ഉറി ആക്രമണത്തെക്കുറിച്ച് ഒരന്വേഷണവും നടത്താതെ തിടുക്കത്തില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ് ഇന്ത്യ ചെയ്തത്. ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ തങ്ങളെ കുറ്റപ്പെടുത്താന്‍ അവര്‍ക്കെങ്ങനെ കഴിയും. തെളിവുകള്‍ ഒന്നുമില്ലാതെ നിരുത്തരവാദപരമായി കുറ്റം ചുമത്തുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും നവാസ് ഷെരീഫ് കുറ്റപ്പെടുത്തി. യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തശേഷം ന്യൂയോര്‍ക്കില്‍നിന്നു പാക്കിസ്ഥാനിലേക്കുള്ള യാത്രാമധ്യേ ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ഉറിയിലെ സംഭവങ്ങളെപ്പറ്റി ഷെരീഫ് പ്രതികരിച്ചത്.