ഇസ്‍ലാമാബാദ്• പാക്കിസ്ഥാനെതിരെ യുദ്ധത്തിനു ധൈര്യപ്പെട്ടാല്‍ ഇന്ത്യയെ അപ്പാടെ നശിപ്പിക്കുമെന്നു പാക്ക് പ്രതിരോധമന്ത്രി ഖൗജ ആസിഫിന്റെ ഭീഷണി. ഇന്ത്യയുടെ ഏതു നടപടിക്കും മറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ സര്‍വസജ്ജമാണ്. ചില്ലുകൂട്ടില്‍ സൂക്ഷിക്കുന്നതിനല്ല ഞങ്ങള്‍ ആണവായുധം നിര്‍മിച്ചിരിക്കുന്നത്. ആവശ്യം വന്നാല്‍ അത് ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കും. ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകള്‍ പാക്കിസ്ഥാന്‍റെ പക്കലുണ്ട് – ആസിഫ് പറഞ്ഞു.പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ തയാറായാല്‍ ശക്തമായ തിരിച്ചടി നല്‍കും. അതിനു പാക്ക് സൈന്യം ഒരുങ്ങിയിരിക്കുന്നു.
കശ്മീര്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനു പാക്കിസ്ഥാന്‍ കാണിക്കുന്ന താല്‍പര്യം ഇന്ത്യയ്ക്കില്ലെന്നു ലോകത്തിനറിയാം. നാലോ അഞ്ചോ രാജ്യങ്ങളുടെ എതിര്‍പ്പു പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവാകില്ലെന്നും ആസിഫ് പറഞ്ഞു.ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണ്. പാക്കിസ്ഥാനാണ് ആക്രമണം നടത്തിയതെന്നു തെളിയിക്കാന്‍ യാതൊരു തെളിവുകളുമില്ല. ഇന്ത്യക്കാരെ കൊലപ്പെടുത്തിയത് ഇന്ത്യക്കാര്‍ തന്നെയാണെന്നും ആസിഫ് ആരോപിച്ചു.