ഇസ്ലാമാബാദ്• ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കൂ, അല്ലെങ്കില്‍ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടാന്‍ തയാറാകൂ.. സൈന്യത്തിനു മുന്നറിയിപ്പുമായി പാക്ക് സര്‍ക്കാര്‍. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ, പാക്ക് സൈന്യം എന്നിവര്‍ക്കെതിരെയാണു കടുത്തഭാഷയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനില്‍ കഴിഞ്ഞദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഒരു പ്രമുഖ നേതാവിനെ ഉദ്ധരിച്ച് പ്രമുഖ പാക്ക് മാധ്യമമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
പ്രധാനമന്ത്രി നവാസ് ഷരീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുതര്‍ന്ന മന്ത്രിമാരും ഓരോ പ്രവിശ്യയില്‍നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു. ഐഎസ്‌ഐ മേധാവി റിസ്വാന്‍ അക്തറാണു സൈന്യത്തെ പ്രതിനിധീകരിച്ചെത്തിയ സംഘത്തെ നയിച്ചത്.
യോഗത്തില്‍ പങ്കെടുത്ത പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയാണ് രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടുപോകുകയാണെന്ന വിവരം സൈന്യത്തിനു വ്യക്തമാക്കിക്കൊടുത്തത്. പാക്കിസ്ഥാനോട് അടുപ്പം കാണിച്ചിരുന്ന പല പ്രമുഖരാജ്യങ്ങളും ഇപ്പോള്‍ മുഖംതിരിച്ചു നില്‍ക്കുകയാണെന്നു ചൗധരി വ്യക്തമാക്കി. പാക്കിസ്ഥാനില്‍ വ്യാപകമായിരിക്കുന്ന ഹഖാനി ശൃഖംലയ്ക്കെതിരെ നടപടിയെടുക്കണമെന്ന യുഎസ് ആവശ്യവും പാഠാന്‍കോട്ട് ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഇന്ത്യയുടെ ആവശ്യവും ചൗധരി യോഗത്തെ അറിയിച്ചു.
മാത്രമല്ല, ചൈന ഇപ്പോള്‍ നല്‍കിവരുന്ന സഹായം തുടരുമോയെന്ന കാര്യത്തിലും ചൗധരി സംശയം പ്രകടിപ്പിച്ചു. പാക്കിസ്ഥാന്റെ പല നടപടികളിലും ചൈനീസ് അധികൃതര്‍ സംതൃപ്തരല്ലെന്ന നിര്‍ണായക വിവരവും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അഹ്സറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ച്ചയായി തടയാന്‍ കഴിയില്ലെന്ന വ്യക്തമായ മറുപടി ചൈന നല്‍കിക്കഴിഞ്ഞതായി ചൗധരി സൈന്യത്തെ അറിയിച്ചു.
അതിനിടെ, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫും ഐഎസ്‌ഐ മേധാവിയും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരര്‍ക്കെതിരെ ഭരണകൂടം എന്തെങ്കിലും നടപടിയെടുത്താന്‍ അതു തടയുന്നത് പാക്ക് സൈന്യമാണെന്ന ഷഹബാസിന്റെ വാദമാണ് ഐഎസ്‌ഐയെ ചൊടുപ്പിച്ചത്. പിന്നീട് ഷെരീഫ് ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയതെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.