വാഷിങ്ടണ്‍• കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാതെ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്റെ പുതിയ നീക്കം. കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ സംഘര്‍ഷഭരിതമായ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനാകൂ എന്നും ഇരു വിഷയങ്ങളെയും വെവ്വേറെ കാണാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ലെന്നും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രത്യേക ദൂതന് യുഎസിനോട് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ യുഎസ് കാര്യമായ താല്പര്യം കാണിക്കാതിരിക്കുകയും അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ പുതിയ നീക്കമെന്ന് കരുതുന്നു.
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നത് കശ്മീരുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമാണ്. സമാധാനത്തേക്കുറിച്ച് സംസാരിക്കുമ്ബോള്‍ അതിനെ പല വിഭാഗങ്ങളായി കാണാനാകില്ല. കാബൂളില്‍ സമാധാനം സമാഗതമാകട്ടെയെന്നും കശ്മീര്‍ കത്തട്ടെയെന്നും പറയാം. പക്ഷേ അതൊരിക്കലും യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല – കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായ മുഷാഹിദ് ഹുസൈന് സയീദ് പറഞ്ഞു. ഇക്കാരണത്താല്‍, സാര്‍വത്രികമായ ഒരു സമാധാന ഉടമ്ബടിയെക്കുറിച്ചാണ് യുഎസ് ചിന്തിക്കേണ്ടതെന്നും സയീദ് ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയിലെ ജനങ്ങളെ ചില കഴിഞ്ഞകാല ശത്രുതകളുടെ തടവറയില്‍ ബന്ധനസ്ഥരാക്കരുതെന്നും മുന്നേറാന്‍ അവരെ അനുവദിക്കണമെന്നും സയീദ് യുഎസിനോട് ആവശ്യപ്പെട്ടു.
കശ്മീരിലെ സ്ഥിതിഗതികള്‍ ലോകത്തെ അറിയിക്കാനും ‘അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍’ ലോകശ്രദ്ധയില്‍പ്പെടുത്താനും യുഎസിലെത്തിയതാണ് മുഷാഹിദും മറ്റൊരു നയതന്ത്ര പ്രതിനിധിയായ ഷെസ്ര മന്സാബും. യുഎസിനെ ‘അസ്തമിച്ചുകൊണ്ടിരിക്കുന്ന ലോകശക്തി’ എന്നു വിശേഷിപ്പിച്ച ഇവരുടെ പ്രസ്താവന കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
മേഖലയിലെ ഇപ്പോഴത്തെ മുഖ്യ പ്രശ്നം കശ്മീര്‍ വിഷയമാണ്. ഇത് പരിഹരിക്കാതെ അവിടെ സമാധാനം പുനഃസ്ഥാപിക്കാനാകില്ല. ഇതൊരു രാജ്യാന്തര സ്വഭാവമുള്ള തര്‍ക്കവിഷയമാണ്. അല്ലാതെ ആഭ്യന്തര വിഷയമല്ല. ഇക്കാര്യത്തില്‍ അവകാശവാദമുന്നയിക്കുന്ന ഇരുരാജ്യങ്ങളും ആണവശക്തികളാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ പ്രശ്നം പരിഹരിച്ചാല്‍ത്തന്നെ മേഖലയിലെ മറ്റു പ്രശ്നങ്ങളും നിഷ്പ്രയാസം പരിഹരിക്കാം – ഷെസ്ര മന്‍സാബ് പറഞ്ഞു.
കശ്മീര്‍ പ്രശ്നപരിഹാരത്തിന് ഉപാധികളൊന്നും കൂടാതെ തന്നെ ചര്‍ച്ച നടത്താനുള്ള സന്നദ്ധത പാക്ക് പ്രധാനമന്ത്രി പലതവണ അറിയിച്ചെങ്കിലും ഇന്ത്യ അത് തള്ളിക്കളയുകയായിരുന്നുവെന്നും മന്‍സാബ് വിമര്‍ശിച്ചു. പ്രശ്നപരിഹാരത്തിനുള്ള ഏക മാര്‍ഗം ഉഭയകക്ഷി ചര്‍ച്ചയാണ്. ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന് സന്നദ്ധമാണ്. ഒറ്റ വിഷയത്തില്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാട് സ്വീകരിക്കുന്നത് ഇന്ത്യയാണ്. ഈ വിഷയവും മറ്റു പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന് ഒരുക്കമാണ്. – മന്‍സാബ് പറഞ്ഞു.