ഇസ്ലാമാബാദ്• നിയന്ത്രണരേഖ കടന്ന് ജമ്മു കശ്മീരിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് പാക്ക് അധിനിവേശ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാവ്. പാക്ക് അധിനിവേശ കശ്മീരിന്റെ പ്രധാനമന്ത്രിയായിരുന്ന അത്തീഖ് അഹമ്മദ് ഖാനാണ് നിയന്ത്രണരേഖ കടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 24നു മൂന്ന് സ്ഥലങ്ങളിലൂടെ കശ്മീരിലേക്ക് പ്രവേശിക്കാനാണ് പദ്ധതിയെന്ന് മുസഫറാബാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അത്തീഖ് പറഞ്ഞു.2006 മുതല്‍ 2009 വരെയാണ് ആസാദ് ജമ്മു ആന്‍ഡ് കശ്മീരെന്നു പാക്കിസ്ഥാന്‍ വിശേഷിപ്പിക്കുന്ന പാക്ക് അധിനിവേശ കശ്മീരിന്റെ പ്രധാനമന്ത്രിയായി അത്തീഖ് ചുമതലയിലുണ്ടായിരുന്നത്. കശ്മീരിലെ ഇന്ത്യന്‍ അതിക്രമം തുറന്നുകാണിക്കാനാണ് യാത്രയെന്ന് അത്തീഖ് പറയുന്നു.യാത്ര സമാധാനപരമായിരിക്കുമെന്നും ആസാദ് കശ്മീരിന്റെ പതാകയേന്തിയുമാകും ജമ്മു കശ്മീരില്‍ പ്രവേശിക്കുകയെന്നും അത്തീഖ് കൂട്ടിച്ചേര്‍ത്തു.അതിനിടെ, പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഞായറാഴ്ച നിയന്ത്രണരേഖ സന്ദര്‍ശിച്ചു. ഇന്ത്യയുടെ മിന്നല്‍ ആക്രമണം ഉണ്ടായ ശേഷം ആദ്യമായാണ് പാക്ക് സൈനിക മേധാവി നിയന്ത്രണരേഖയിലെത്തുന്നത്.