മോഹന്‍ജെദാരോ ശില്‍പ്പം ഇന്ത്യയില്‍നിന്നും തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈകോടതിയില്‍ ഹര്‍ജി

205

ഇസ്ലാമബാദ്: ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം മുറുകിയതിനിടെ ഇന്ത്യയിലുള്ള ഒരു പുരാവസ്തുവിനെ ചൊല്ലി പാക്കിസ്താനില്‍ നിയമയുദ്ധമാരംഭിക്കുന്നു.മോഹന്‍ജെദാരോയില്‍നിന്നും ലഭിച്ച അയ്യായിരം വര്‍ഷം പഴക്കമുള്ള പുരാവസ്തു ഇന്ത്യയില്‍നിന്നും തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ വിവാദം. ജാവേദ് ഇഖ്ബാല്‍ ജാഫ്രി എന്ന അഭിഭാഷകനാണ് ലാഹോര്‍ ഹൈ കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.ഇപ്പോള്‍ ഇന്ത്യയിലുള്ള ‘നൃത്തം ചെയ്യുന്ന പെണ്‍കുട്ടി’യുടെ പുരാതനമായ ശില്‍പ്പം പാക്കിസ്താന്‍ തിരിച്ചു വാങ്ങാന്‍ സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ലാഹോര്‍ മ്യൂസിയത്തിലായിരുന്നു ഈ ശില്‍പ്പം ഉണ്ടായിരുന്നതെന്ന് പരാതിയില്‍ പറയുന്നു. 60 വര്‍ഷം മുമ്ബ് ദില്ലിയിലെ നാഷനല്‍ ആര്‍ട്സ് കൗണ്‍സിലിന്റെ അഭ്യര്‍ത്ഥന പ്രകാരം പാക്കിസ്താന്‍ നല്‍കിയതാണ് ഈ ശില്‍പ്പമെന്നും എന്നാല്‍, ഇന്ത്യ ഇതു തിരിച്ചു നല്‍കിയില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.അതിനിടെ, ഈ ശില്‍പ്പം ഇന്ത്യയില്‍നിന്നും തിരിച്ചു കിട്ടാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുനെസ്കോയ്ക്ക് കത്തു നല്‍കിയതായി ലാഹോര്‍ മ്യൂസിയം ഡയരക്ടര്‍ ജനറല്‍ ജമാല്‍ ഷാ അറിയിച്ചു.1926ല്‍ മോഹന്‍ ജെദാരോയില്‍നിന്നും കുഴിച്ചെടുത്തതാണ് ഈ ശില്‍പ്പം. സിന്ധു നദീതട നിവാസികള്‍ക്ക് ലോഹങ്ങള്‍ വിളക്കിയെടുക്കുന്നതിലും ശില്‍പ്പനിര്‍മാണത്തിലും അറിവുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നു എന്നതായിരുന്നു ഈ ശില്‍പ്പത്തിന്റെ പ്രസക്തി. നൃത്തത്തിലും മറ്റ് സമാന കലാരൂപങ്ങളിലും അക്കാലത്തുള്ള താല്‍പ്പര്യവും ജ്ഞാനവും ഇതില്‍ വ്യക്തമായിരുന്നു. സിന്ധുനദീ തട സംസ്കാരത്തെക്കുറിച്ച്‌ ലഭിച്ച ഏറ്റവും അര്‍ത്ഥവത്തായ പുരാവസ്തുവാണ് ഇതെന്നാണ് നിരവധി പ്രമുഖ പുരാവസ്തു വിദഗ്ധരുടെ പക്ഷം.

NO COMMENTS

LEAVE A REPLY