ഇന്ത്യന്‍ ജവാന്‍ പിടിയിലുണ്ടെന്നകാര്യം സ്ഥിരീകരിച്ച്‌ പാക്കിസ്ഥാന്‍

270

ദില്ലി: ഇന്ത്യന്‍ ജവാന്‍ ചന്ദുബാബുലാല്‍ ചൗഹാന്‍ പിടിയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. സൈനികതലത്തിലാണ് പാകിസ്ഥാന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ ദിവസമാണ് മഹാരാഷ്ട്രക്കാരനായ ഇന്ത്യന്‍ ജവാന്‍ ചന്തു ബാബുലാല്‍ ചൗഹാന്‍ പാക് സേനയുടെ പിടിയിലായത്.അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്നും മിന്നലാക്രമണവുമായി രാഷ്ട്രീയ റൈഫിള്‍സിലെ ചൗഹാന് ബന്ധമില്ലെന്നും സൈന്യം വൃക്തമാക്കിയിരുന്നു.
സൈനികന്‍ പിടിയിലുണ്ടെന്ന് പാകിസ്ഥാന്‍ സൈനിക തലത്തില്‍ സ്ഥിരീകരിച്ചു. ജവാനെ മടക്കി അയയ്ക്കണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ നടപടി തുടങ്ങും എന്ന പ്രതീക്ഷയാണ് ഉന്നത വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നത്. പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷം പാകിസ്ഥാന്‍ തിരിച്ചടിക്ക് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് നിരവധി പേരെ ഒഴിപ്പിച്ച്‌ താല്‍ക്കാലിക ക്യാംപുകളില്‍ പാര്‍പ്പിച്ചിരുന്നു.
നാല് ദിവസമായി സ്ഥിതി ശാന്തമായ സാഹചര്യത്തില്‍ ക്യാംപുകളില്‍ നിന്ന് ജനങ്ങള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങി തുടങ്ങി. പതിനയ്യായിരത്തോളം പേര്‍ ആര്‍ എസ് പുര മേഖലയിലെ ക്യാംപുകളില്‍ തിരിച്ചെത്തി തുടങ്ങി. കശ്മീരില്‍ ഇന്ത്യ മനുഷ്യവകാശ ലംഘനം നടത്തുന്നു എന്ന പുതിയ പരാതി ഐക്യരാഷ്ട്ര പൊതുസഭയ്ക്ക് പാകിസ്ഥാന്‍ നല്‍കി. ഇതിനിടെ പാക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തെ പിന്തുണച്ച്‌ അമേരിക്ക രംഗത്ത് വന്നു. ഇന്ത്യയ്ക്ക് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY