ഇസ്‍ലാമാബാദ് • നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘനം ഇന്ത്യയുടെ പരിഭ്രമത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പാക്ക് വിദേശകാര്യ ഓഫിസ്. കശ്മീരിലെ നിലവിലെ അവസ്ഥക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന പാക്കിസ്ഥാന്റെ നയതന്ത്രപരമായ കുറ്റപ്പെടുത്തലുകളില്‍ ഇന്ത്യയ്ക്ക് പരിഭ്രമമുണ്ട്. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതും പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപടുന്നതും ഇതിനാലാണെന്നും വിദേശകാര്യ ഓഫിസ് വക്താവ് നഫീസ് സഖറിയ പറഞ്ഞു.
കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ലോക ജനതയെ അറിയിക്കാന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദൂതന്‍ മുഷാഹിദ് ഹുസൈന്‍ സയീദ് നടത്തുന്ന ലോക പര്യടനം വിജയകരമാണ്.
രാജ്യാന്തരതലത്തില്‍ അദ്ദേഹത്തിന് ഈ വിഷയം ഉയര്‍ത്തിക്കാട്ടാനായെന്നും നഫീസ് പറഞ്ഞു. കശ്മീരി ജനതയ്ക്കുമേലുള്ള സര്‍ക്കാരിന്റെ പീഡനങ്ങള്‍ തുടരുകയാണ്. സുരക്ഷാ സേന ഇപ്പോഴും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുപോലും കശ്മീരി ജനതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയാണെന്ന ആരോപണത്തെ നഫീസ് നിഷേധിച്ചു. പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിട്ടില്ല. കശ്മീര്‍ വിഷയത്തിലെ പാക്ക് നിലപാടിനെ തുര്‍ക്കി പിന്തുണച്ചിട്ടുണ്ട്. മാത്രമല്ല, അഫ്ഗാനിസ്ഥാനെ കൂട്ടുപിടിച്ച് പാക്കിസ്ഥാനെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യന്‍ നീക്കത്തെ യുഎസ് മുന്‍ ഡിഫന്‍സ് സെക്രട്ടറി ചക് ഹേഗല്‍ കുറ്റപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.