ബ്രിക്സ് അംഗരാജ്യങ്ങളെ നരേന്ദ്ര മോദി തെറ്റിദ്ധരിപ്പിക്കുന്നു : സര്‍താജ് അസീസ്

169
courtesy : manorama online

ഇസ്‍ലാമാബാദ് • ആഗോള ഭീകരതയുടെ മാതൃപേടകമാണു പാക്കിസ്ഥാന്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ച്‌ പാക്കിസ്ഥാന്‍. ഭീകരവാദത്തെ ഉയര്‍ത്തിക്കാട്ടി ബ്രിക്സ് – ബിംസ്ടെക്ക് അംഗങ്ങളെ മോദി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കുമേല്‍ നടക്കുന്ന മൃഗീയ പ്രവര്‍ത്തനങ്ങളെ മറച്ചുവയ്ക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അസീസ് കുറ്റപ്പെടുത്തി.
ബ്രിക്സിലെയും ബിംസ്ടെക്കിലെയും എല്ലാ അംഗരാജ്യങ്ങളുമായും ഒരുമിച്ചു നിന്ന് ഭീകരവാദത്തിനെതിരെ പോരാടാന്‍ പാക്കിസ്ഥാന്‍ തയാറാണ്. യുഎന്‍ മനുഷ്യാവകാശ സമിതി കമ്മിഷണറും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോ-ഓപറേഷന്‍ (ഒഐസി) സെക്രട്ടറി ജനറലും കശ്മീരിലെ യഥാര്‍ഥ സ്ഥിഗതികള്‍ മനസ്സിലാക്കാന്‍ പ്രത്യേക സംഘത്തെ അയയ്ക്കണം.
സ്വയം നിര്‍ണായവകാശത്തിനുവേണ്ടി കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ ഭീകരവാദവുമായി ബന്ധപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമം യുഎന്നും ഒഐസിയും തള്ളിക്കളഞ്ഞതാണ്. സ്വയം നിര്‍ണായവകാശത്തിനുവേണ്ടി പോരാടുന്ന ജനങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കരുതെന്ന് ഐക്യരാഷ്ട്ര സംഘടന പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്- അസീസ് പറഞ്ഞു.
ഗോവയില്‍ നടന്ന അഞ്ചംഗ രാഷ്ട്ര സാമ്ബത്തിക കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിലാണു പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ മോദി രൂക്ഷവിമര്‍ശനം നടത്തിയത്. ഭീകരതയുടെ മാതൃപേടകം ഇന്ത്യയുടെ ഒരു അയല്‍രാജ്യമാണ്. ലോകത്തിലെ ഭീകരസംഘങ്ങളെല്ലാം ഈ മാതൃപേടകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രാജ്യം ഭീകരര്‍ക്കു താവളമൊരുക്കുക മാത്രമല്ല ചെയ്യുന്നത്. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഭീകരതയെ ന്യായീകരിക്കാമെന്ന മനോനിലയെയും ഈ രാജ്യം വളര്‍ത്തുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY