ഇസ്ലാമാബാദ്• അഫ്ഗാനിസ്ഥാനിലെ സമാധന-വികസന പ്രക്രിയയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ-ഇസ്തംബുള്‍ മന്ത്രിതല സമ്മേളത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കും. ഡിസംബര്‍ ആദ്യവാരം അമൃത്സറിലാണു സമ്മേളനം. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യാന്തരവേദികളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെ, സമാധാനത്തിനു വേണ്ടിയാണു തങ്ങള്‍ നിലകൊള്ളുന്നതെന്നു സ്ഥാപിക്കുവാനുള്ള പാക്കിസ്ഥാന്റെ നീക്കമാണ് തീരുമാനത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.
പാക്കിസ്ഥാനില്‍ നടത്താനിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യയുടെ ബഹിഷ്കരണത്തെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. ഇന്ത്യന്‍ നിലപാടിനോട് അതേ നാണയത്തില്‍ തിരിച്ചടിക്കാതെ സമാധാനത്തിന്റെ വക്താക്കളായി സ്വയം അവതരിപ്പിക്കുക എന്നതാണ് പാക്കിസ്ഥാന്റെ ശ്രമം.
സമ്മേളനത്തിന്റെ വിഷയം അഫ്ഗാനിസ്ഥാനിലെ സമാധാനവും സുസ്ഥിരതയും ആയതിനാല്‍ തങ്ങള്‍ ബഹിഷ്കരിക്കില്ലെന്നു പാക്ക് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും റഷ്യ, ചൈന, തുര്‍ക്കി എന്നിവയടക്കമുള്ള 14 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യുഎസ് ഉള്‍പ്പെടെയുള്ള 17 രാഷ്ട്രങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ആതിഥ്യം വഹിച്ച സമ്മേളനത്തിനിടെ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചര്‍ച്ച നടത്തിയിരുന്നു.