ഇസ്ലാമാബാദ് • പാക്ക് തലസ്ഥാനമായ ഇസ്‍ലാമാബാദില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വന്‍പ്രക്ഷോഭത്തിന് പാക്കിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് (പിടിഐ) നേതാവും ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാന്‍ ഖാന്‍ തയാറെടുക്കുന്നതിനു മുന്നോടിയായാണ് വിലക്ക്. അടുത്ത രണ്ടു മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ രണ്ടിന് പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദ് സ്തംഭിപ്പിക്കാനാണ് പിടിഐയുടെ നീക്കം. ബ്രിട്ടനില്‍ ഷരീഫ് കുടുംബം കള്ളപ്പണ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പാനമ പേപ്പേഴ്സ് പുറത്തുവിട്ടിരുന്നു. കള്ളപ്പണ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം നവാസ് ഷെരീഫ് ഏറ്റെടുക്കുന്നതുവരെ പാക്ക് സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തലസ്ഥാന നഗരം സ്തംഭിപ്പിക്കാന്‍ ഒരുങ്ങുന്നത്.