ഇസ്‍ലാമാബാദ് • ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സുര്‍ജിത് സിങ്ങിനെ പാക്കിസ്ഥാന്‍ പുറത്താക്കി. ശനിയാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടണമെന്ന നിര്‍ദേശവും നല്‍കി. പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി, ഇന്ത്യന്‍ ഹൈക്കമിഷണറെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. ചാരപ്രവര്‍ത്തിക്ക് ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണറുടെ ഒാഫിസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. സുര്‍ജിത് സിങ്ങിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത ആശങ്ക അറിയിച്ച പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി, വിയറ്റ്ന കണ്‍വെന്‍ഷന്റെ നയതന്ത്ര നിയമം ലംഘിച്ചുവെന്നും ആരോപിച്ചു. ഈ മാസം 29നുള്ളില്‍ സുര്‍ജിത് സിങ്ങും കുടുംബവും പാക്കിസ്ഥാന്‍ വിടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്ക് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ മെഹമൂദ് അക്തറിനെയാണ് ചാരവൃത്തി ആരോപിച്ച് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.