കറാച്ചി • തടവിലാക്കിയിരുന്ന 220 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയച്ചു. പാക്ക് ജലഅതിര്‍ത്തി ലംഘിച്ച് അനധികൃതമായി മല്‍സ്യബന്ധനം നടത്തിയതിനാണ് തൊഴിലാളികളെ പിടികൂടി ജയിലില്‍ അടച്ചതെന്ന് മലിജര്‍ ജയില്‍ സൂപ്രണ്ട് അറിയിച്ചു. മോചിപ്പിച്ച മല്‍സ്യത്തൊഴിലാളികളെ ട്രെയിനില്‍ ലാഹോറിലേക്ക് എത്തിക്കും. അവിടെ നിന്നു വാഗാ അതിര്‍ത്തി വഴി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ജമ്മു കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണമത്തിനു പിന്നാലെ ഏതാനും മാസങ്ങളായി അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് ബന്ധം വഷളായിരുന്നു. പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. 220 മല്‍സ്യത്തൊഴിലാളികളെ വിട്ടയച്ചുവെന്നും 219 പേര്‍ ഇനിയും കസ്റ്റഡിയില്‍ ഉണ്ടെന്നും പാക്ക് സര്‍ക്കാര്‍ വ്യക്തമാക്കി. പാക്ക് അതിര്‍ത്തിയില്‍നിന്നു മല്‍സ്യബന്ധന ബോട്ടുകളും തൊഴിലാളികളെയും ഇന്ത്യ പിടിച്ചുവെന്ന് കഴിഞ്ഞയാഴ്ച പാക്ക് മല്‍സ്യത്തൊഴിലാളി സംഘടന ആരോപിച്ചിരുന്നു. ഗുജറാത്ത് തീരത്തു നിന്നാണ് പാക്ക് തൊഴിലാളികളെ ഇന്ത്യ പിടികൂടിയത് എന്നായിരുന്നു ആരോപണം. എന്നാല്‍, ഇക്കാര്യത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.