കാബൂൾ : അഫ്ഗാൻ-പാക് അതിർത്തിയിൽ താലിബാൻ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 15 പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ മുഹമ്മദ് ഗോത്രപ്രദേശത്തെ ബോർഡർ ചെക്പോസ്റ്റുകൾ താലിബാൻ ആക്രമിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ചു സൈനികരും പത്തു ഭീകരരുമാണ് കൊല്ലപ്പെട്ടതെന്ന് പാക്കിസ്ഥാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്രീക് ഇ താലിബാൻ ഏറ്റെടുത്തു. 2500 കിലോമീറ്ററിലാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്നത്. അടുത്തിടെ അഫ്ഗാനിൽനിന്നു പാക്കിസ്ഥാനിലേക്കുള്ള അതിർത്തി അടച്ചത് തർക്കത്തിനു കാരണമായിരുന്നു. പാക്കിസ്ഥാനിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ അതിർത്തി അടച്ചത്.