ന്യൂഡല്‍ഹി • ഉറി ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാക്ക് ഓഹരി വിപണി ഇടിഞ്ഞു. ബുധനാഴ്ച കറാച്ചി സ്റ്റോക് എക്സ്ചേഞ്ച് 569 പോയിന്റ് ഇടിഞ്ഞ് 39,771 ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ ആക്രമണത്തെ നേരിടാന്‍ പാക്ക് സൈന്യം നടത്തുന്ന തയാറെടുപ്പാണ് ഓഹരി വിപണി ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.യുഎന്നില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതും അതിര്‍ത്തിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതും വിപണിക്കു വെല്ലുവിളിയായെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യയുമായി സംഘടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന തെറ്റായ പ്രചാരണം വിപണിക്കു തിരിച്ചടിയായെന്ന് മുന്‍ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ചെയര്‍മാന്‍ ആരിഫ് ഹാബിബ് പറഞ്ഞു.