പാലാ: പോലീസ് സ്റ്റേഷനില്‍ പരാതിക്കാരനും രക്ഷയില്ലെന്ന ആരോപണം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പോലീസുകാരല്ല, ഇപ്പോള്‍ തെരുവുനായയാണ് പരാതിക്കാരന് ഭീഷണിയായത്. നഗരത്തില്‍ നായ്ക്കള്‍ക്ക് പാര്‍ക്കാന്‍ മാത്രമായി പാര്‍ക്ക് സ്ഥാപിച്ച നഗരസഭയായ പാലായിലാണ് സംഭവം. ഏഴു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പാര്‍ക്ക് താമസിക്കാന്‍ ‘ആളില്ലാതെ’ ഒഴിഞ്ഞുകിടക്കുന്പോഴാണ് നായ്ക്കള്‍ തെരുവില്‍ അലഞ്ഞുതിരിയുന്നത്. പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിനാണ് ഇന്നലെ പട്ടി കടിയേറ്റത്. ഇടപ്പാടി വള്ളിയാന്തടത്തില്‍ സജി (44)യ്ക്കാണ് ഈ ദുര്‍വിധി. സജിയുടെ സുഹൃത്ത് ബൈജുവിന്‍റെ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ ബൈജുവിന് കൂട്ടായി എത്തിയതാണ് സജി. പോലീസ് സ്റ്റേഷന്‍ കാന്‍റീന്‍ പരിസരത്ത് അലഞ്ഞുതിരിഞ്ഞ നായയാണ് ഇവരെ ആക്രമിച്ചത്. ഇടതുകാലിന്‍റെ പിന്‍ഭാഗത്ത് കടിയേറ്റ സജിയെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായ്ക്കളെ പാര്‍പ്പിക്കാന്‍ മാത്രമായി സംസ്ഥാനത്ത് ആദ്യമായി പാര്‍ക്ക് സ്ഥാപിച്ച് ക്രെഡിറ്റ് എടുത്ത നഗരസഭയാണ് പാലാ. ഏഴു ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഈ ഡോഗ് പാര്‍ക്കില്‍ ഒരേസമയം അറുപതോളം നായ്ക്കളെ സംരക്ഷിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ അടുത്തകാലത്ത് പാര്‍ക്കിന്‍റെ പ്രവര്‍ത്തനം അവതാളത്തിലാണെന്നും വിരലിലെണ്ണാവുന്ന നായ്ക്കളെ മാത്രമാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.