പാലാരിവട്ടം പാലം അഴിമതി – മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ തുടങ്ങി

14

കൊച്ചി : മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആശുപത്രിയില്‍ എത്തി ചോദ്യം ചെയ്യാന്‍ തുടങ്ങി. ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനിട് ഇബ്രാഹിം കുഞ്ഞിന് വിശ്രമം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യുന്ന സംഘത്തില്‍ മൂന്നു ഉദ്യോഗസ്ഥര്‍ മാത്രമെ പാടുള്ളു.ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുമ്ബായി ഇവര്‍ കൊവിഡ് പരിശോധന നടത്തണം. ഇബ്രാഹിം കുഞ്ഞിന്റെ ചികില്‍സയക്ക് തടസം പാടില്ല,മാനസികമായോ ശാരീരീകമായോ ബുദ്ധിമുട്ടിക്കരുത് എന്നിങ്ങനെയാണ് മറ്റു നിബന്ധനകള്‍.

കേസിലെ ഒന്നാം പ്രതിയായ പാലം നിര്‍മാണത്തിന്റെ കരാറുകാരനായും നാലാം പ്രതി ടി ഒ സൂരജ്, കേസിലെ 10ാം പ്രതി എന്നിവരുമായി കേസിലെ അഞ്ചാം പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞ് ഗൂഡാലോചന നടത്തിയെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നത്.പാലം നിര്‍മാണത്തിന്റെ കരാര്‍ ആര്‍ഡിഎസ് കമ്ബനിക്ക് നല്‍കിയതും മറ്റു പ്രതികളുമായി ഇബ്രാഹിംകുഞ്ഞ് ഗൂഡാലോചന നടത്തിതുമൂലമാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

കരാറുകാരന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വി കെ ഇബ്രാഹിംകുഞ്ഞ് മൊബിലിസേഷന്‍ അഡ്വാന്‍സ് എന്ന നിലയില്‍ 8.25 കോടി രൂപ അനധികൃതമായി നല്‍കാന്‍ അനുമതി നല്‍കിയതായും നിയമ പ്രകാരം ഇത്തരത്തില്‍ മൊബിലിസേഷന്‍ ഫണ്ട് മുന്‍കൂറായി നല്‍കാന്‍ അധികാരമില്ലെന്ന് അറിയാമെന്നിരിക്കെയാണ് വി കെ ഇബ്രാഹിം ഇത്തരത്തില്‍ വിരുദ്ധമായി പണം നല്‍കാന്‍ അനുമതി നല്‍കിയതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.കേസിലെ നാലാം പ്രതിയായ ടി ഒ സുരജ് ഈ മൊബിലിസേഷന്‍ ഫണ്ടിന് ഏഴു ശതമാനം പലിശ നിശ്ചയിച്ചു.മൊബിലിസേഷന്‍ ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് അക്കൗണ്ട് ജനറലിന്റെ ഓഡിറ്റ് റിപോര്‍ടില്‍ നിരീക്ഷണം ഉണ്ട്.ഇത്തരത്തില്‍ പലിശയിളവ് നല്‍കിയതിലൂടെ സര്‍ക്കാരിന് 85 ലക്ഷം രൂപ നഷ്ടം ഉണ്ടായി.

നിര്‍മാണ കരാര്‍ ലഭിച്ച ആര്‍ഡിഎസ് കമ്ബനി അധികൃതര്‍ വി കെ ഇബ്രാഹിംകുഞ്ഞിന് അനധികൃതമായി പണം കൈമാറിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.ഇത്തരത്തില്‍ ലഭിച്ച പണം ഇബ്രാഹിംകുഞ്ഞ് ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സംശയിക്കുന്നുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തെല്‍വുകള്‍ ലഭിച്ചിട്ടുണ്ട് പൊതുജന സേവകരായ വി കെ ഇബ്രാഹിംകുഞ്ഞും ടി ഒ സുരജും തങ്കച്ചനുമെല്ലാം ജനങ്ങളോട് വിശ്വാസ വഞ്ചന കാട്ടുകയും തങ്ങളുടെ പദവി ദുരുപയോഗം ചെയ്തുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.ഇവര്‍ക്കൊപ്പം ആര്‍ഡിഎസ് കമ്ബനി എം ഡി സുമിത് ഗോയലും ചേര്‍ന്നു.പാലം നിര്‍മാണത്തിനായി ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികള്‍ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാണ് കരാര്‍ കമ്ബനി പാലം നിര്‍മിച്ചത്.

പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയ പാലം ഉപയോഗശൂന്യമായി മാറിയെന്നും കോടതിയെ അറിയിച്ചു.അഴിമതിമൂലം പാലം നിര്‍മാണത്തിലുടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. എന്നാല്‍ പ്രതികള്‍ സാമ്ബത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തുവെന്നും വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ചായിരിക്കും വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞില്‍ നിന്നും ചോദിച്ചറിയുന്നതെന്നാണ് വിവരം

അര്‍ബുദ രോഗബാധിതനായ ഇബ്രാഹിംകുഞ്ഞ് നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചികില്‍സയില്‍ ഇരിക്കെ ഈ മാസം 18 നാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തത്. ഇബ്രാഹിംകുഞ്ഞിന്റെ രോഗം ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ നിന്നും മാറ്റുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് ആശുപത്രി അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൂവാറ്റു വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ റിമാന്റു ചെയ്തത്.

തുടര്‍ന്ന് നാലു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലന്‍സും ജാമ്യം തേടി ഇബ്രാംഹിംകുഞ്ഞും കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.തുടര്‍ന്ന് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇബ്രാംഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ച്‌ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞ് തുടരുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കി റിപോര്‍ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ തള്ളിയ കോടതി ഒരു ദിവസം ഇബ്രാംഹിംകുഞ്ഞിനെ ഉപാധികളോടെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയിരുന്നു.രാവിലെ ഒമ്ബതു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെയും ചോദ്യം ചെയ്യാനാണ് വിജിലന്‍സിന് കോടതി അനുമതി നല്‍കിയത്.

NO COMMENTS