കൊച്ചി : പാലാരിവട്ടം പാലത്തില്‍ തിങ്കളാഴ‌്ച രാവിലെ എട്ടിന‌് തുടങ്ങിയ വിദഗ്ധസംഘത്തിന്റെ പരിശോധന ഒന്നരമണിക്കൂറിലേറെ നീണ്ടു. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ചുള്ള പരിശോധനയാണ‌് നടന്നത‌്. പാലത്തിലെ കുഴപ്പങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന നിര്‍ദേശങ്ങള്‍ ചെന്നൈ ഐ ഐ ടിയുടെ അന്തിമറിപ്പോര്‍ട്ടുകൂടി പരിഗണിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ‌് ഇ ശ്രീധരന്‍ പറഞ്ഞു.
പാലം പൊളിച്ചുകളഞ്ഞ‌് പുനര്‍നിര്‍മിക്കുന്നത‌് വന്‍ സാമ്പത്തിക ചെലവിനിടയാക്കും. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ തുടരാനാകില്ലെന്നും ഡിഎംആര്‍സി ഓഫീസില്‍ ചേര്‍ന്ന വിദഗ്ധരുടെ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലത്തില്‍ രാവിലെ നടത്തിയ പരിശോധനയ‌്ക്കുശേഷമായിരുന്നു യോഗം.
പെട്ടെന്ന‌് എന്തെങ്കിലും പരിഹാരം നിദേശിക്കാനാകില്ല.ചെന്നെ ഐഐടിയിലെ പ്രൊഫ. അളഗസുന്ദരമൂര്‍ത്തി, സ‌്ട്രക‌്ചറല്‍ എന്‍ജിനിയറിങ് രംഗത്തെ പ്രമുഖന്‍ പ്രൊഫ. മഹേഷ‌് ഠണ്ടന്‍, പാലം നിര്‍മാണത്തിന്റെ ചുമതലക്കാരായിരുന്ന ആര്‍ബിഡിസികെയിലെ എന്‍ജിനിയര്‍മാര്‍, ഡി എം ആര്‍ സി ചീഫ‌് എന്‍ജിനിയര്‍മാരായ കേശവചന്ദ്രന്‍, കെ ജെ ജോസഫ‌്, പ്രോജക്ട‌് ഡയറക്ടര്‍ രാജന്‍ തോമസ‌്, ശ്രീഹരി കണ്‍സ‌്ട്രക‌്ഷനിലെ ഷൈന്‍ വര്‍ഗീസ‌് തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.