തൃശൂര്‍: കഴിഞ്ഞ ദിവസം തുറന്ന പാമ്പാടി നെഹ്‌റു ഫാര്‍മസി കോളേജ് വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു. ഒരിടവേളയ്ക്കു ശേഷം തുറന്ന കോളേജില്‍ വിദ്യാത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കോളേജ് അടച്ചതായി രക്ഷിതാക്കള്‍ക്ക് അറിയിപ്പ് കിട്ടിയത്. ഇതോടെ ഇന്ന് നടക്കാനിരുന്ന പി ടി എ എക്‌സിക്യൂട്ടീവ് യോഗവും അനിശ്ചിതത്വത്തിലായി. യോഗം എന്നു നടക്കും എന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് പുതിയ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്നാരോപിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ തിങ്കളാഴ്ച മുതല്‍ കോളേജിനു മുന്നില്‍ സമരം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ് എഫ് ഐ, എ ഐ എസ് എഫ്, എ ബി വി പി ഉള്‍പ്പടെയുള്ള സംഘടനകളാണ് സമരം ശക്തമാക്കാനൊരുങ്ങുന്നത്.