ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍(ഐടിആര്‍) ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്.
2018-19 വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ പാന്‍ നമ്ബരുമായി ആധാര്‍ ലിങ്ക് ചെയ്യാതെ തന്നെ ഫയല്‍ ചെയ്യുന്നതിന് രണ്ടുപേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് കേന്ദ്രം അപ്പീല്‍ നല്‍കിയത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരുന്നതിനാലാണ് ഹൈക്കോടതി അത്തരമൊരു ഉത്തരവിറക്കിയത്. പിന്നീട് സുപ്രീംകോടതി വിഷയത്തില്‍ തീരുമാനമെടുത്തിരുന്നു.
ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 139എഎ സ്ഥിരീകരിച്ചാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ബെഞ്ച് നിരീക്ഷിച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി നേരത്തേ തീരുമാനം എടുത്തിട്ടുള്ളതായും ജസ്റ്റീസ് എ.കെ.സിക്രി, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.