പ്രൊഫഷണൽ ഇന്റേണുകൾ വഴി പഞ്ചായത്തുകൾ സംരംഭ സൗഹൃദമാകും: മന്ത്രി

25

പ്രൊഫഷണൽ ഇന്റേണുകൾ വഴി ഓരോ പഞ്ചായത്തിലും കൂടുതൽ സംരംഭങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് മന്ത്രി പി. രാജീവ്. ടാർഗറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനമായതിനാൽ പഞ്ചായത്തുകളും അതുവഴി സംസ്ഥാനം മുഴുവനായും സംരംഭങ്ങൾ ഉയരും. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായുള്ള പ്രചാരണ വീഡിയോകൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രൊഫഷണൽ ഇന്റേൺ തസ്തികയിൽ 1175 പേരെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഇവർ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തനം തുടങ്ങും. ഒരു മാസം 12 സംരംഭങ്ങൾക്ക് അനുമതി നൽകണമെന്നത് നിർബന്ധമാണ്. അതുകൊണ്ട് നിബന്ധനകൾ പാലിക്കുന്ന സംരംഭകർക്ക് അനുമതി നിഷേധിക്കുന്ന അവസ്ഥയുണ്ടാകില്ല.
വീടുകളിൽ തന്നെ സൗകര്യമനുസരിച്ചു ചെറു സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുന്ന തരത്തിൽ നിയമത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്ത് ഓഫീസുകൾക്ക് സമീപവും ‘മെയിഡ് ഇൻ കേരള’ എന്ന പേരിൽ കേരളത്തിൽ ഉദ്പാദിപ്പിച്ച ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിക്കുന്നതും ആലോചനയിലുണ്ടെന്നു മന്ത്രി കൂട്ടിച്ചേർത്തു.2022-23 സംരംഭക വർഷത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള യോഗങ്ങളും ശില്പശാലകളും പഞ്ചായത്തടി സ്ഥാനത്തിൽ നടക്കുകയാണ്. ആറ് ജില്ലകളിൽ പൂർത്തിയായി. ബാക്കിയുള്ള ജില്ലകളിൽ ഈ മാസം തന്നെ യോഗം നടക്കും.

സംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആളുകളെ ബോധവത്ക്കരിക്കുന്നതിനായി ആകെ അഞ്ച് പ്രചാരണ വീഡിയോകളാണ് തയ്യാറാക്കിയിട്ടുള്ളത്. സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പരാമർശിക്കുന്നതാണ് ഓരോ വീഡിയോയും. വ്യവസായ വകുപ്പിന്റെ ന്യൂസ് ലെറ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി I സുമൻ ബില്ല അധ്യക്ഷനായി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി II എ. പി. എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കെ. എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി രാജമാണിക്യം, കയർ ഡവലപ്‌മെന്റ് ബോർഡ് ഡയറക്ടർ വി. ആർ വിനോദ്, കെ. എസ്. എഫ് .ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, കെ. എസ്. എഫ് .ഡി.സി മാനേജിങ് ഡയറക്ടർ മായ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, റിയാബ് ചെയർമാൻ ആർ അശോക്, കൈത്തറി ആൻഡ് ടെക്സ്റ്റയിൽസ് ഡയറക്ടർ കെ.എസ് പ്രദീപ് കുമാർ, അഡീഷണൽ ഡയറക്ടർ കെ. സുധീർ, കെ. വി .ഐ ബി സെക്രട്ടറി കെ. സുധീർ എന്നിവർ പങ്കെടുത്തു.

NO COMMENTS