ചെന്നൈ• അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കെതിരെ പുതിയ നീക്കവുമായി കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ ആഡംബര വസതി ‘വേദനിലയം’ സ്മാരകമാക്കാണ് ഒപിഎസ്സിന്റെ നീക്കം. ഇതിനായി സര്‍ക്കാര്‍ ഉത്തരവിറക്കും. ജയലളിതയുടെ മരണശേഷം പോയസ് ഗാര്‍ഡനിലെ അവരുടെ വീട്ടിലാണു ശശികലയുടെ താമസം. അവരെ അവിടെനിന്നു പുറത്താക്കുന്നതു ലക്ഷ്യമിട്ടാണു പനീര്‍സെല്‍വത്തിന്റെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. ജയലളിതയുടെ 117.13 കോടി രൂപയുടെ സ്വത്തുകള്‍ അനന്തരാവകാശികള്‍ ഇല്ലാതെയിരിക്കുകയാണ്. ജയയുടെ ഉടമസ്ഥതയിലുള്ള പോയസ് ഗാര്‍ഡനിലെ 24,000 ചതുരശ്ര അടിയിലുള്ള ആഡംബര വസതി ‘വേദനിലയ’ത്തിനു വിലമതിക്കുന്നതു 43.96 കോടി രൂപയാണ്.
1967ല്‍ ജയയുടെ അമ്മ സന്ധ്യ 1.37 ലക്ഷം രൂപയ്ക്കു വാങ്ങിയ വസ്തുവാണിത്. അതിനിടെ, ചെന്നൈ പൊലീസ് കമ്മിഷണര്‍ എസ്.ജോര്‍ജിനെ മാറ്റാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൂടാതെ, നേരത്തെ പുറത്താക്കിയ ചീഫ് സെക്രട്ടറി ജ്ഞാനദേശികനെയും ഐഎഎസ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ആനന്ദിനെയും സര്‍ക്കാര്‍ തിരിച്ചെടുത്തു. ശശികലയുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ പുറത്താക്കിയിരുന്നത്. ദിവസങ്ങളായി മുംബൈയില്‍ തുടരുന്ന ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ഇന്നു ചെന്നൈയിലെത്തും. ശശികലയുമായും പനീര്‍സെല്‍വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 129 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും അതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും ശശികല ഗവര്‍ണറോട് ആവശ്യപ്പെടും. എന്നാല്‍, 22 എംഎല്‍മാരുടെ പിന്തുണയുണ്ടെന്നാണു പനീര്‍സെല്‍വത്തിന്റെ അവകാശവാദം.