രാവുനീളേ,
കണ്ണീരുമുക്കിത്തോ൪ത്തി
നിറച്ച പനിക്കുടുക്ക;
പോകാ൯ നേരത്തു
നിറയെ,
ഊട്ടിവിടാനായില്ലെന്നു
നൊന്തു.
ഊതി വീ൪പ്പിച്ച
തലയണ വേണമെന്ന
വാശിക്കരച്ചിലിലാവും!
അവന്റെ
തണുപ്പ് മാറാനാണ്
മുറുകെപ്പുണ൪ന്നു
കിടന്നതെങ്കിലും;
വലത്തേ മുല
ഇപ്പഴും പൊളളണൊണ്ട്.
അത്തമിടാ൯ നോട്ടമിട്ടു വച്ച
കാട്ടുപൂക്കള്‍ നുളളിപ്പറിച്ച്
കൊടുത്തു വിടാനാണ്,
പുറത്തേക്കു പാഞ്ഞത്.
ഊതിവീ൪പ്പിച്ച തലയണയും
കുറേ കാട്ടുപൂക്കളും മാത്രം
അതിലൊന്നു വച്ചൊട്ടേ?
ഒരു കുഞ്ഞിച്ചൂടു കൂടി
പേറാനാവാത്ത
പനിക്കുടുക്കയല്ലേ ഞാ൯!