കാനം രാജേന്ദ്രന്‍ സി.പി.എം വിരോധിയാണെന്ന ലേബലൊട്ടിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍

270

കൊച്ചി: കാനം രാജേന്ദ്രന്‍ സി.പി.എം വിരോധിയാണെന്ന ലേബലൊട്ടിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. എം.കെ.അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്‌കാരം കാനം രാജേന്ദ്രന് സമര്‍പ്പിച്ച്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനം സി.പി.എം വിരോധിയാണെന്ന് രാഷ്ട്രീയം ശരിക്കും അപഗ്രഥിക്കുന്നവര്‍ക്കും തോന്നില്ല. ഉറച്ച നിലപാടുകളാണ് കാനം പറയുന്നത്. അത് മുന്നണിയെ സംരക്ഷിക്കുന്നതാണ്. നിലപാടുകള്‍ മറച്ചുവയ്ക്കാതെ പുറത്തുപറയുന്നത് തന്റേടമാണ്. ചിലപ്പോള്‍ പഴി കേട്ടേക്കാം. എന്നാല്‍, നിലപാടുകള്‍ തുറന്നുപറയേണ്ടത് അനിവാര്യമാണ്. കേരളത്തിലെ ഇടതുമുന്നണി സംവിധാനം രാജ്യത്തിന് മാതൃകയാണ്. അത് ശക്തിപ്പെടുത്താന്‍ പലതും പറയേണ്ടി വരും. അതിനായി കാനം മുന്നോട്ടു വരുന്നത് ശ്രദ്ധേയമാണെന്നും പന്ന്യന്‍ വ്യക്തമാക്കി.

താന്‍ പറയുന്നതൊന്നും വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാര്‍ട്ടിയുടെ നിലപാടാണെന്നും കാനം പറഞ്ഞു. നിലപാട് കൃത്യമായി പറയേണ്ടത് തന്റെ കടമയാണ്. അത് ഭംഗിയായി ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തെറ്റായ കാര്യങ്ങള്‍ കടന്നുകൂടുമ്പോള്‍ തിരുത്തല്‍ ശക്തികള്‍ ഉയര്‍ന്നുവരണം. അതിനായി ഓരോ കക്ഷികളും പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആരോഗ്യരക്ഷാ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പാണെന്നും കാനം പറഞ്ഞു.

NO COMMENTS