സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്ജെൻഡർ കലാമേള (വർണ്ണപ്പകിട്ട്)യുടെ വിളംബരമായി നാളെ (ഒക്ടോബർ 14) വർണ്ണാഭമായ ഘോഷയാത്ര നടക്കും. തിരുവനന്തപുരത്ത് മ്യൂസിയം പരിസരത്ത് ആരംഭി ക്കുന്ന ഘോഷയാത്ര വൈകിട്ടു നാലിന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഫ്‌ലാഗ് ഓഫ് ചെയ്യും.
വിവിധ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. ചെണ്ടമേളം, മുത്തുക്കുട, കരകാട്ടം എന്നിവ അകമ്പടിയേകും. ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ, വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ വ്യക്തികൾ, കോളേജ് വിദ്യാർഥികൾ, അധ്യാപകർ, എൻ സി സി/ എൻ എസ് എസ് വോളന്റിയർമാർ, സാമൂഹ്യനീതി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.
മേളയുടെ പ്രധാന വേദികളിലൊന്നായ യൂണിവേഴ്‌സിറ്റി കോളജിലാണ് ജാഥ സമാപിക്കുക. അതോടൊപ്പം ഫ്‌ലാഷ് മോബും അരങ്ങേറും. രാജ്യത്താദ്യമായി ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ച കേരളത്തിന് അഭിമാനമായി ഒക്ടോബർ 15, 16 തീയതികളിലാണ് ‘വർണപ്പകിട്ട്’ നടക്കുന്നത്. അയ്യൻകാളി ഹാളും യൂണിവേഴ്‌സിറ്റി കോളേജുമായി നാലു വേദികളിലാണ് വർണ്ണപ്പകിട്ട് അരങ്ങേറുക.